---
title: "കൂത്ത്പറമ്പിൽ വെളിച്ചെണ്ണ കടയിൽ നിന്നും 45,000 രൂപ കവർന്ന പ്രതി തലശ്ശേരിയിൽ പിടിയിൽ"
english_title: "The accused who stole Rs. 45,000 from a coconut oil shop in Koothparampil has been arrested in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325570/The accused who stole Rs. 45,000 from a coconut oil shop in Koothparampil has been arrested in Thalassery"
published_at: "2025-11-12T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691431c6172be_1000975456.jpg"
keywords: []
---

# കൂത്ത്പറമ്പിൽ വെളിച്ചെണ്ണ കടയിൽ നിന്നും 45,000 രൂപ കവർന്ന പ്രതി തലശ്ശേരിയിൽ പിടിയിൽ

> **Lead Summary:** കൂത്തുപറമ്പിൽ നഗരമധ്യത്തിലെ വെളിച്ചെണ്ണ കടയിൽനിന്നും 45,000 രൂപ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ശിവപുരം സലീന മൻസിലിൽ വി.സി. ഹാരിസിനെ ആണ് കൂത്തുപറമ്പ് പോലീസ് അറ സ്റ്റ് ചെയ്തത്.

## Article Content

കൂത്തുപറമ്പിൽ നഗരമധ്യത്തിലെ വെളിച്ചെണ്ണ കടയിൽനിന്നും 45,000 രൂപ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ശിവപുരം സലീന മൻസിലിൽ വി.സി. ഹാരിസിനെ ആണ് കൂത്തുപറമ്പ് പോലീസ് അറ സ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസ്സ്റ്റാൻഡിന് മുൻവശത്ത് മാനന്തേരി സ്വദേശിയായ വി.കെ. അൻവർ നടത്തുന്ന വെളിച്ചെണ്ണക്കടയിൽനിന്നാണ് പണം മോഷണം പോയത്. വെളിച്ചെണ്ണ വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു കവർച്ച.

10 ലിറ്റർ വെളിച്ചെണ്ണ വേണമെന്ന് പറഞ്ഞ മോഷ്ടാവ് ഇതിനുള്ള കന്നാസ് ഇല്ലെന്ന് പറഞ്ഞ് കടയുടമയോട് കന്നാസ് വാങ്ങി വരാൻ ആവശ്യപ്പെട്ടു. കടയുടമ തൊട്ടടുത്ത കടയിൽ കന്നാസ് വാങ്ങാൻ പോയ തക്കത്തിന് മേശവലിപ്പിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണം വലിപ്പിൻ്റെ പൂട്ട് തകർത്ത് ബാഗ് സഹിതം കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

അൻവറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ എ.സി.പി എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരം എസ്‌ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തൊട്ടടുത്ത കടകളിലെ സിസി ടിവി ക്യാമറകളിൽ മോഷ്ടാവ് പണമടങ്ങിയ ബാഗുമായി പോവുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് തലശ്ശേരിയിൽ പ്രതിയെ പിടികൂടിയത്. പ്രതി 2022 മുതൽ തലശ്ശേരിയിലെ ഒരു ലോഡ്ജിലാണ് താമസം. സമാനമായ മറ്റ് മോഷണങ്ങളും ഹാരിസ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വധശ്രമക്കേസും പ്രതിയുടെ പേരിലുള്ളതായി വിവരമുണ്ട്. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, നാസർ, വിനിത്, സലീം, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325570/The accused who stole Rs. 45,000 from a coconut oil shop in Koothparampil has been arrested in Thalassery)